സൊമാലിയ; വില്ല റോസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അൽ-ഷബാബ്: മരണം നാലായി

news image
Nov 28, 2022, 12:18 pm GMT+0000 payyolionline.in

മൊഗാദിഷു: ഇന്നലെ വൈകീട്ട് സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത ഹോട്ടലിന്‍റെ നിയന്ത്രണം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിനിടെ മരണം നാലായി. സൈന്യവും തീവ്രവാദികളും തമ്മില് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 12 മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപമുള്ള പ്രശസ്തമായ വില്ല റോസ് ഹോട്ടലാണ് തീവ്രവാദികള്‍ ഇന്നലെ വൈകീട്ടോടെ കീഴടക്കിയത്. ഇവിടെ നിന്ന് ഒന്നിലധികം സ്ഫോടനങ്ങളും കനത്ത വെടിയൊച്ചകളും കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിനിടെ ഹോട്ടല്‍ പിടിച്ചടക്കാന്‍ നേത‍ൃത്വം നല്‍കിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അൽ-ഷബാബ് രംഗത്തെത്തി.

രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണ് വില്ല റോസ് ഗസ്റ്റ് ഹോട്ടല്‍. തീവ്രവാദികള്‍ ഹോട്ടല്‍ കീഴടക്കുമ്പോള്‍ ഹോട്ടലില്‍ നിരവധി മന്ത്രിമാരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മന്ത്രി മുഹമ്മദ് അഹമ്മദിന് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിസ്ഥിതി മന്ത്രി ആദം അവ് ഹിർസി അക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തിന്‍റെ മധ്യ തെക്കന്‍ പ്രദേശങ്ങളില്‍ അല്‍ ഷാബാബ് കീടക്കിയിരുന്ന പ്രദേശങ്ങളെ നേരത്തെ ആഫ്രിക്കൻ യൂണിയൻ സേനയുടെയും പ്രാദേശിക മിലിഷ്യകളുടെയും പിന്തുണയോടെ സൈന്യം തിരിച്ച് പിടിച്ചിരുന്നു. എന്നിട്ടും രാജ്യത്തെ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ഫോടക വസ്തുക്കളും തോക്കും ധരിച്ച അജ്ഞാതരായ നിരവധി തീവ്രവാദികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ശക്തിയേറിയ സ്ഫോടനത്തിന് പിന്നാലെ ഹോട്ടലില്‍ നിന്ന് കനത്ത വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജനല്‍ വഴി രക്ഷപ്പെടുത്തിയതായി പൊലീസ് ഓഫീസര്‍ മുഹമ്മദ് അബ്ദി പറഞ്ഞു.

അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളില്‍ മൊഗാദിഷുവിലെ മറ്റൊരു ഹോട്ടലിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ ‘സമ്പൂർണ യുദ്ധ’ത്തിന് പ്രസിഡന്‍റ് ഹസ്സൻ ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തിരുന്നു. ഈ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് മാസത്തിന് ശേഷം മൊഗാദിഷുവിലെ തിരക്കേറിയ ജംഗ്ഷനിൽ നടന്ന ഇരട്ട കാർ ബോംബ് സ്‌ഫോടനത്തിൽ 100 ​​പേർ കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നിലും തങ്ങളാണെന്ന് അവകാശപ്പെട്ട് അൽ-ഷബാബ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഫ്രിക്കൻ യൂണിയൻ സേനയുടെയും പിന്തുണയോടെ  ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കെതിരെ അക്രമണം ശക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വില്ല റോസ് ഹോട്ടല്‍ അക്രമണം നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe