കോഴിക്കോട് വേങ്ങേരിയില്‍ സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

news image
Oct 27, 2025, 6:22 am GMT+0000 payyolionline.in

കോഴിക്കോട്: സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താൻശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടിൽ സലിൽ കുമാറി(50)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന 76 വയസുള്ള മാതാവിനെയാണ് മകൻ ആക്രമിച്ചത്. വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചക്ക് വയോധിക മുറിയിലിരിക്കുമ്പോൾ പ്രതി വാതിൽ തള്ളിത്തുറന്ന്, ചീത്തവിളിക്കുകയും വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും എഴുതിത്തരണമെന്നുപറഞ്ഞ് കൈകൊണ്ട് വയോധികയുടെ നെഞ്ചത്തുകുത്തുകയും മുഖത്തടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

സ്വത്ത് എഴുതിത്തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ റൂമിലുണ്ടായിരുന്ന നിലവിളക്കുകൊണ്ട് വയോധികയുടെ തലക്കടിക്കാൻ ശ്രമിച്ചു.വീട്ടിലെ ബഹളംകേട്ട് ഓടിയെത്തിയ അടുത്തവീട്ടിലെ യുവാവ് പ്രതിയെ പിടിച്ചുമാറ്റിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

തുടർന്ന്, വയോധികയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണംനടത്തുകയായിരുന്നു. പ്രതിയെ വേങ്ങേരിയിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe