ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

news image
Oct 29, 2025, 10:49 am GMT+0000 payyolionline.in

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി  പൊതുപരീക്ഷകൾ 2026 മാർച്ച് 5 മുതൽ ആരംഭിക്കും. പ്ലസ് വൺ പരീക്ഷ മാർച്ച്‌ 5ന് ആരംഭിച്ച് മാർച്ച് 27 വരെ നടക്കും. രണ്ടാം വർഷ  പൊതുപരീക്ഷകൾ മാർച്ച്  6 മുതൽ മാർച്ച് 28  വരെ നടക്കും. ഒന്നാം വർഷ  പൊതു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30നും  രണ്ടാം  വർഷ  പൊതു പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും. മാർച്ച് 27 നുള്ള ഒന്നാം വർഷ  പൊതു പരീക്ഷകളിൽ  ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ  ഉച്ചക്കുള്ള  സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.

 

സ്‌കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്‌സിന് രജിസ്റ്റർ ചെയ്ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനിലും പരീക്ഷ വരുകയുള്ളൂ. രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ  പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി  16  മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഫൈനില്ലാതെ  ഫീസ് ഒടുക്കേണ്ട അവസാന തീയതി- 2025 നവംബർ 7. ഫൈനോടെ  ഫീസ് ഒടുക്കേണ്ട  അവസാന തീയതി- നവംബർ 13. സൂപ്പർ ഫൈനോടെ  ഫീസ് ഒടുക്കേണ്ട അവസാന തീയതി- നവംബർ 25. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ എഴുതുമെന്ന് കരുതുന്നു. 2026ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ്  എന്നിവിടങ്ങളിലെയും ചേർത്ത് രണ്ടായിരത്തോളം  പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. മൂല്യനിർണ്ണയം 2026 ഏപ്രിൽ  6 ന് ആരംഭിച്ച് മെയ് 22  ഓടുകൂടി ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷം റെഗുലർ വിഭാഗത്തിൽ ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിരണ്ട് വിദ്യാർത്ഥികളും രണ്ടാം വർഷം ഇരുപത്തിയാറായിരത്തി എണ്ണൂറ്റി ഇരുപത്തിയാറ് വിദ്യാർത്ഥികളും പരീക്ഷ എഴുതും.  രണ്ടാം വർഷ സ്‌കിൽ ഇവാലുവേഷൻ  2026 ജനുവരിയിൽ പൂർത്തിയാക്കും. ഒന്നാം വർഷ സ്‌കിൽ ഇവാലുവേഷൻ  ജനുവരി അവസാനവാരം ആരംഭിക്കും. പരീക്ഷ സംബന്ധിച്ച വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറക്കും. വിശദമായ ടൈംടേബിൾ അതോടൊപ്പം ഉൾപ്പെടുത്തും. ഒന്നു മുതൽ ഒമ്പത് വരെയുള്ള പരീക്ഷകൾ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പരീക്ഷകൾ, ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ എന്നിവയോടൊപ്പം ഒന്നു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിലെ വാർഷിക പരീക്ഷയും നടത്തേണ്ടതുണ്ട്.  എച്ച്.എസ് അറ്റാച്ച്ഡ് എൽ.പി വിഭാഗം പരീക്ഷകൾ 2026 മാർച്ച് 12 മുതൽ 26 വരെയും എച്ച്.എസ് അറ്റാച്ച്ഡ് യു.പി/ ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ 2026 മാർച്ച് 6 മുതൽ 27 വരെയുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe