ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിലായി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കായി ഇതാ മികച്ച അവസരം.
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഫുൾ ടൈം) തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സൈക്കോളജി, ജേണലിസം, ഹോം സയൻസ് വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്കാണ് പിഎസ്സി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൈക്കോളജി, ഹോം സയൻസ് വിഭാഗങ്ങളിൽ ഓരോ ഒഴിവുകളും ജേണലിസം വിഭാഗത്തിൽ പ്രതീക്ഷിത ഒഴിവുകളുമാണുള്ളത്. 55,200 – 1,15,300 രൂപയാണ് ശമ്പള സ്കെയിൽ. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. അതേസമയം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ നിശ്ചിത യോഗ്യതയുളള മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിന് 01/01/2025ൽ 43 (നാൽപ്പത്തിമൂന്ന് )വയസ്സ് തികയാൻ പാടില്ല.
കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല തത്തുല്യമായി അംഗീകരിച്ചുള്ള ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ ഉണ്ടായിരിക്കണം. കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ റഗുലർപഠനത്തിലൂടെ നേടിയെ ബി എഡ് , അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച തത്തുല്യമായ യോഗ്യത എന്നിവയും ഉണ്ടാകണം. കേരള സർക്കാർ നേരിട്ടോ അധികാരപ്പെടുത്തിയ ഏജൻസി മുഖേനയോ അദ്ധ്യാപക നിയമനത്തിനായ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( സെറ്റ് ) യോഗ്യതയും ഉണ്ടാകണം.
