യുഎഇ: ഹിജ്റ വര്‍ഷാരംഭത്തിന്റെ (ചാന്ദ്ര കലണ്ടര്‍) ഭാഗമായി യുഎഇയില്‍ ജൂണ്‍ 27 (വെള്ളിയാഴ്ച) ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കുള്ള ഈ അവധി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് പ്രഖ്യാപിച്ചത്. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്വകാര്യമേഖലയ്ക്കും സമാനമായ അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഹിജ്റ വര്‍ഷാരംഭം അഥവാ ഇസ്ലാമിക പുതുവത്സരം
എഡി 622ല്‍ പ്രവാചകന് മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ (കുടിയേറ്റം) നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്റ വര്‍ഷാരംഭം അഥവാ ഇസ്ലാമിക പുതുവത്സരം. ഇത് ഇസ്ലാമിക ചാന്ദ്ര കലണ്ടറിന്റെ തുടക്കം കുറിക്കുന്നു. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ പോലുള്ള വലിയ ആഘോഷങ്ങളോടെ ഇത് ആചരിക്കാറില്ലെങ്കിലും, ഇസ്ലാമിക ലോകത്ത് പ്രധാനപ്പെട്ട ദിനമാണിത്. യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇത് പൊതു അവധിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്റ വര്‍ഷാരംഭത്തിന് ശേഷം, അടുത്ത മതപരമായ അവധി പ്രവാചകന്റെ ജന്മദിനമായ മീലാദുന്നബി (നബി ദിനം) ആണ്. 2025 സെപ്റ്റംബര്‍ നാലിന് വ്യാഴാഴ്ച ആയിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഇസ്ലാമിക അവധികളും പോലെ കൃത്യമായ തീയതി യുഎഇയിലെ മതകാര്യവകുപ്പ് നടത്തുന്ന ചന്ദ്രനിരീക്ഷണത്തിന്റെയും ഔദ്യോഗിക സ്ഥിരീകരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            