തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും സ്വന്തം ജീവൻ പണയപ്പെടുത്തി ബാലനെ രക്ഷിച്ച് ബിജെപി സ്ഥാനാർത്ഥി. വിഴിഞ്ഞം വാര്‍ഡിലെ എൻഡിഎ സ്ഥാനാര്‍ത്ഥി സർവശക്തിപുരം ബിനുവിനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റത്. വിഴിഞ്ഞം ചിറയിക്കോട് കുളത്തിൽ വീണ പത്തുവയസ്സുകാരനെ രക്ഷിക്കുന്നതിനിടെ ആയിരുന്നു അപകടം. കഴിഞ്ഞ ദിവസം പ്രവർത്തകർക്കൊപ്പം വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് അഫ്സാൻ എന്ന പത്തുവയസ്സുകാരൻ സൈക്കിളുമായി കൈവരിയില്ലാത്ത കുളത്തിലേക്ക് വീണത്. അപകടം കണ്ട ഉടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെ ബിനു കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചെങ്കിലും ഇതിനിടയിൽ ബിനുവിന്റെ വലതു കാലിന് ഗുരുതരമായി പരിക്കേറ്റു. പരിശോധനയിൽ കാലിലെ ലിഗ്മെന്റ് പൊട്ടിയതായി കണ്ടെത്തി. പരിക്കേറ്റ മുഹമ്മദ് അഫ്സാനും ചികിത്സ തേടിയിട്ടുണ്ട്.
ഇതാണ് ബിജെപിയുടെ ഡിഎൻഎ’; പ്രശംസയുമായി രാജീവ് ചന്ദ്രശേഖർ
ബിനുവിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ബിജെപി പ്രവർത്തകരുടെ മുഖമുദ്ര സ്വയം മറന്നുള്ള സേവനമാണെന്ന് അദ്ദേഹം തന്റെ എക്സ് കുറിപ്പിൽ വ്യക്തമാക്കി. സേവനം ഒരു ജന്മവാസനയാണ്. “സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ബിനു ആ കുഞ്ഞിനെ രക്ഷിച്ചത്. അഫ്സാൻ സുരക്ഷിതനാകണം എന്നതിനായിരുന്നു ബിനു മുൻഗണന നൽകിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ബിജെപി/എൻഡിഎ പ്രവർത്തകരുടെ ഡിഎൻഎ ആണ്,” അദ്ദേഹം കുറിച്ചു. ജനസേവനം എന്നത് തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയം മാത്രമല്ല, മറിച്ച് ഒരു ഉത്തരവാദിത്തമാണെന്നും വിവേചനങ്ങളില്ലാതെ ഓരോ മലയാളിയെയും സേവിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിനുവിനെപ്പോലെയുള്ള പ്രവർത്തകരിൽ താൻ അഭിമാനിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
