ന്യൂഡൽഹി: 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് സി.പി.ഐക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. പഴയ പാൻ കാർഡ് ഉപയോഗിച്ചതിനാണ് ആദായ നികുതി വകുപ്പ് പിഴയിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, വേട്ടയാടലാണ് ആദായനികുതി വകുപ്പ് നോട്ടീസിന് പിന്നിലെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചെറു കക്ഷിയാണെങ്കിലും ബി.ജെ.പിക്ക് തങ്ങളെ ഭയമാണെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സി.പി.ഐ നീക്കം.
മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും ഉടന്‍ കോടതിയെ സമീപിക്കുമെന്നും സി.പി.ഐ നേതാക്കള്‍ അറിയിച്ചു. പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടിനുള്ള തുകയും, ഐ.ടി വകുപ്പിന് നല്‍കാനുള്ള കുടിശ്ശികയും ചേര്‍ത്താണ് 11 കോടി രൂപ പിഴ ഈടാക്കിയത്.
കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് സി.പി.ഐക്കും നോട്ടീസ് അയച്ചത്. ആദായ നികുതി പുനര്‍നിര്‍ണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന് അയച്ച നോട്ടീസ്. 2017-21 കാലയളവിലെ ആദായ നികുതി പുനര്‍നിര്‍ണയ നീക്കത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.