തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കർ ജി സുധാകരന് മുന്നിലാവും എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിക്കും. ജി സുധാകരൻ ഇന്നലെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വെള്ളിയാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെയുള്ള സഭാ നടപടികൾ പ്രോ ടേം സ്പീക്കറാവും നിയന്ത്രിക്കുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. സഭയിൽ ഏറ്റവും കൂടുതൽക്കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്.
മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചും ഇന്നലെ ധാരണയായി. മന്ത്രിമാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. ക്രമസമാധാന നില വിലയിരുത്തും. രമേശ് ചെന്നിത്തല നേരിട്ട് യോഗത്തിനെത്തുമെന്നാണ് അറിയിച്ചത്. പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ മുതൽ ഡിജിപി വരെ പങ്കെടുക്കും. ക്രമസമാധാനം, മയക്കുമരുന്ന്, ഗുണ്ടാ ആക്രമണങ്ങൾ എന്നിവ ചർച്ചയാകും. പൊലീസ് മർദനങ്ങളിലെ സർക്കാർ നിലപാടും അറിയിക്കും.
മന്ത്രിമാരും വകുപ്പുകളും
വി ഡി സതീശൻ- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകൾ
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി
കെ മുരളീധരൻ- ആരോഗ്യം, ദേവസ്വം
എ പി അനിൽകുമാർ- റവന്യൂവകുപ്പ്
പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്കാരികം
എം ലിജു- എക്സൈസ്, സഹകരണം
റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ്- കൃഷി
കെ എ തുളസി-പിന്നാക്ക ക്ഷേമം
ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴിൽ
ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം
പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
എൻ ഷംസുദ്ദീൻ- പൊതുവിദ്യാഭ്യാസം
കെ എം ഷാജി- തദ്ദേശസ്വയംഭരണം
പി കെ ബഷീർ- പൊതുമരാമത്ത്
വി ഇ അബ്ദുൾ ഗഫൂർ- ഫിഷറീസ്
മോൻസ് ജോസഫ്- ജലസേചനം
അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്
ഷിബു ബേബി ജോൺ- വനം
സി പി ജോൺ- ഗതാഗതം
