99 രൂപയിൽ താഴെ വിലയില്‍ ഭക്ഷണം, പുതിയ ഫുഡ് ഡെലിവറി ആപ്പ് ‘ടോയിംഗ്’ പുറത്തിറക്കി സ്വിഗ്ഗി

news image
Sep 17, 2025, 11:07 am GMT+0000 payyolionline.in

പൂനെ: ഇന്ത്യൻ ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗി മിതമായ നിരക്കിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ടോയിംഗ് എന്ന പുതിയ ആപ്പ് പുറത്തിറക്കി. നിലവിൽ, മഹാരാഷ്ട്രയിലെ പൂനെയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഈ ആപ്പിന്റെ സേവനം ലഭ്യമാകൂ. അതിൽ കോത്രുഡ്, ഹിഞ്ചേവാഡി, വകദ്, ഔന്ധ്, പിമ്പിൾ സൗദാഗർ തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെടുന്നു. കുറഞ്ഞ ബജറ്റിൽ നല്ലതും വിശ്വസനീയവുമായ ഭക്ഷണം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി ഈ ആപ്പ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്താണ് സ്വിഗ്ഗിയുടെ ടോയിംഗ് ആപ്പ്?

100 മുതൽ 150 രൂപ വരെ വിലയില്‍ താങ്ങാനാവുന്ന ഭക്ഷണ ഓപ്ഷനുകൾ ടോയിംഗ് ആപ്പ് വാഗ്‌ദാനം ചെയ്യുന്നു. പരിമിതമായ വരുമാനമുള്ള വിദ്യാർഥികൾക്കും യുവ പ്രൊഫഷണലുകൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ ആപ്പ്. ടോയിംഗ് ആപ്പിൽ മിനി മീൽസ്, ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, കേക്കുകൾ, മധുരപലഹാരങ്ങൾ എന്നിവ 12 രൂപയ്‌ക്ക് ലഭ്യമാക്കുന്നു. പ്രധാന സ്വിഗ്ഗി ആപ്പിൽ 14.99 രൂപയാണ് ഇവയ്ക്ക് വില. ഇതിന് പുറമെ 99 രൂപയിൽ താഴെ ഫ്ലാഷ് ഡീലുകളും ലഭ്യമാകും.

ഇതാദ്യമായാണ് സ്വിഗ്ഗി അവരുടെ പതിവ് ബെംഗളൂരു ബേസിന് പുറത്ത് ഒരു പുതിയ ആപ്പ് പരീക്ഷിക്കുന്നത്. ബെംഗളൂരുവിനെ അപേക്ഷിച്ച് പൂനെയിലെ വിദ്യാർഥികളുടെ എണ്ണവും യുവ തൊഴിലാളികളുടെ എണ്ണവും കുറവായതിനാൽ അവിടം തിരഞ്ഞെടുത്തതായി വ്യവസായ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻസ്റ്റാമാർട്ട്, സ്‍നാക്, ഡൈൻഔട്ട്, ക്രൂ, പിങ് എന്നിവയുമായി ചേർന്ന് സ്വിഗ്ഗിയുടെ ഏഴാമത്തെ സ്വതന്ത്ര ആപ്പാണ് ടോയിംഗ്. സൂപ്പർ-ആപ്പ് തന്ത്രത്തിൽ നിന്ന് വ്യത്യസ്‌ത സേവനങ്ങൾക്കായി പ്രത്യേക ആപ്ലിക്കേഷനുകളുള്ള ഒരു സൂപ്പർ-ബ്രാൻഡ് മോഡലിലേക്കുള്ള സ്വിഗ്ഗിയുടെ മാറ്റത്തെയാണ് ഈ ലോഞ്ച് പ്രതിനിധീകരിക്കുന്നത്. ഭക്ഷ്യ വിതരണ മേഖലയിലെ മത്സരം രൂക്ഷമാകുന്ന സമയത്താണ് ഈ മാറ്റം.

ടോയിംഗ് vs ഓൺലി

റാപ്പിഡോ അടുത്തിടെ ആരംഭിച്ച ഓൺലി ആപ്പുമായി ടോയിംഗ് നേരിട്ട് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാപ്പിഡോയിലെ 12 ശതമാനം ഓഹരികൾ സ്വിഗ്ഗി 2,500 കോടി രൂപയ്ക്ക് വിൽക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കമ്പനിയുടെ റിപ്പോർട്ടുകൾ പ്രകാരം, സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി ബിസിനസ് 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിനും 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിനും ഇടയിൽ പ്രതിമാസ ഇടപാട് ഉപയോക്താക്കളുടെ എണ്ണം 14 ദശലക്ഷത്തിൽ നിന്ന് 16.3 ദശലക്ഷമായി വളർന്നു. കമ്പനി മുമ്പ് 175 നഗരങ്ങളിലായി 99 രൂപയ്ക്ക് സ്റ്റോർ ആരംഭിച്ചിരുന്നു. 49 മുതൽ 149 രൂപയ്ക്ക് വരെ ഭക്ഷണം വാഗ്‌ദാനം ചെയ്തിരുന്നു. സ്വിഗ്ഗിയുടെ മറ്റ് താങ്ങാനാവുന്ന വില ഓപ്ഷനുകളിൽ നിന്ന് ടോയിംഗ് വ്യത്യസ്‌തമാകുന്നത് 100 മുതൽ 150 രൂപ വില ശ്രേണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe