തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്.
ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശമുണ്ട്.
ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023 ൽ ഇറക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 2700 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്.
ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്, 1415 പേർ. മഹാരാഷ്ട്രയിൽ 494 പേരും ന്യൂഡൽഹിയിൽ 372 പേരും ചികിത്സയിലുണ്ട്.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            