പെരിന്തൽമണ്ണ : നിപ്പ രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസ്സുകാരൻ മരിച്ചു. പ്രാഥമിക പരിശോധനയിൽ നിപ്പ സംശയിക്കുന്നുണ്ട്. സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. വെള്ളിയാഴ്‌ചയാണ് ഇയാളെ പനിയും ശ്വാസതടസ്സവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മരണപ്പെട്ടയാളുടെ വീടിനു 3 കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇവിടം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചേക്കും. നിപ്പ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം കുറയുന്നുണ്ട്. നിലവിൽ 497 പേരാണുള്ളത്. മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട്ട് 178 പേരും എറണാകുളത്തു രണ്ടു പേരുമാണു പട്ടികയിൽ. മലപ്പുറത്ത് 10 പേർ ചികിത്സയിലുണ്ട്. ഒരാൾ ഐസിയുവിലാണ്. മലപ്പുറം ജില്ലയിൽ ഇതുവരെ 62 സാംപിളുകൾ നെഗറ്റീവ് ആയി. പാലക്കാട്ട് അഞ്ചു പേർ ഐസലേഷനിൽ ചികിത്സയിലാണ്. അഞ്ചു പേരെ ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് ആകെ 14 പേർ ഹൈയസ്റ്റ് റിസ്‌കിലും 82 പേർ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.