ഉത്തർപ്രദേശ് : ജീവിച്ചിരിക്കുമ്പോൾ കാമുകിക്ക് നല്കിയ വാഗ്ദാനം, അവൾ മരിച്ച ശേഷം നിറവേറ്റി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നിച്ച്ലൗൾ പ്രദേശത്താണ് അസാധാരണമായ സംഭവം നടന്നത്.
തന്റെ പ്രതിശ്രുത വധുവിന്റെ മരണത്തിന് പിന്നാലെ, അന്ത്യകര്‍മ്മങ്ങൾക്ക് മുമ്പ് വിവാഹം നടത്തണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അന്ത്യകര്‍മ്മങ്ങൾക്കായി മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്പാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാൾ, ‘അവളെ എന്റെ ഭാര്യയാക്കാമെന്ന് ഞാന്‍ അവൾക്ക് വാക്ക് നല്‍കിയിരുന്നു. അവളെ ഞാന്‍ വധുവാക്കും.’ എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
യുവാവിന്റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് എതിര്‍പ്പുകളൊന്നും പറയാതിരുന്നതോടെ മരണ വീട്ടിലേക്ക് ഒരു പുരോഹിതനെ വിളിച്ച് വരുത്തുകയും മന്ത്രോച്ചാരണങ്ങൾക്കിടെ യുവാവ്, യുവതിയുടെ നെറ്റിയില്‍ സിന്ദൂരം പുരട്ടുകയും ചെയ്തു. ആഘോഷങ്ങൾ നടക്കേണ്ടിയിരുന്ന ഈ സമയം സ്ത്രീകൾ അലമുറയിട്ട് കരഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു.