വടകര: പന്ത്രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവ് ശിക്ഷ വിധിച്ചു കോടതി. മാവൂർ കണ്ണിപറമ്പ് പഴയം കുന്നത്ത് വീട്ടിൽ ആദർശ് ബാബു വിനെയാണ് ശിക്ഷിച്ചത്. വടകര എൻ.ഡി.പി.എസ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കാനും വിധിച്ചു.
2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാവൂർ പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശാധനയിലാണ് ആദർശ് ബാബു പിടിയിലാകുന്നത്. പൊലീസിനെ കണ്ട പ്രതി സ്കൂട്ടർ നിർത്താതെ വെട്ടിച്ചുപോകാൻ ശ്രമിച്ചതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിലെ ബാഗിൽ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച 12 കിലോ കഞ്ചാവ് കണ്ടെത്തിയത്.
മാവൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന ആർ. അശോകൻ, സബ് ഇൻസ്പെക്ടർ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാകേഷ്, റിനീഷ് മാത്യു, ബിജു, സിവിൽ പൊലീസ് ഓഫീസർ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.
