പതിനൊന്നുകാരിയെ പീഡിപ്പിച്ചു, പുകവലിക്ക് അടിമയാക്കാൻ ശ്രമിച്ചു; പ്രതിക്ക് 22 വർഷം കഠിനതടവ്

news image
Aug 4, 2026, 9:36 am GMT+0000 payyolionline.in

തിരൂർ: പതിനൊന്നുകാരിയെ ലൈംഗികമായി പലതവണ പീഡിപ്പിക്കുകയും നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിക്കുകയുംചെയ്ത കേസിൽ വിവിധ വകുപ്പുകളിലായി യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു.

കൂട്ടായി മാസ്റ്റർപടി സ്വദേശി കക്കോച്ചിന്റെ പുരയ്ക്കൽ സഫ്‌വാനാ (35)ണു തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ബി. ഫസീല ശിക്ഷ വിധിച്ചത്. പ്രതി പിഴയടയ്ക്കുന്നപക്ഷം 60,000 രൂപ പെൺകുട്ടിക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും നിർദ്ദേശിച്ചു.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം. താനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് വിധി. പ്രതി സമാനമായ രണ്ടു പോക്സോ കേസുകളിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞുവരികയാണ്. ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ സ്റ്റേഷനുകളിലെ നിരവധി കളവുകേസുകളിലും പ്രതിയാണ്.

താനൂർ സബ് ഇൻസ്പെക്ടറായിരുന്ന എൻ.ആർ. സുജിത്ത്, സിവിൽ പോലീസ് ഓഫീസർ പി. രമ്യ തുടങ്ങിയവരാണ് അന്വേണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനികുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് അയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe