പാൻ കാർഡ് നിബന്ധനകളിൽ വൻ മാറ്റം; സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഇളവുകൾ

news image
Feb 11, 2026, 4:46 am GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പാൻ കാർഡ് (PAN) നിർബന്ധമായ ഇടപാടുകളുടെ പരിധിയിൽ കേന്ദ്ര സർക്കാർ പുതിയ മാറ്റങ്ങൾ വരുത്തുന്നു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളിൽ സാധാരണക്കാർക്ക് വലിയ ഇളവുകൾ ലഭിക്കും.

ഉയർന്ന ഇടപാടുകൾക്ക് കൂടുതൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തുന്നതോടൊപ്പം ചെറുകിട ഇടപാടുകാരുടെ നൂലാമാലകൾ കുറക്കുക എന്നതാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം. കരട് നിയമത്തിലെ പ്രധാനപ്പെട്ട 5 മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

  • ബാങ്ക് നിക്ഷേപങ്ങൾക്കും പിൻവലിക്കലുകൾക്കും പുതിയ പരിധി

നിലവിൽ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളിൽ ബാങ്കിൽ നിക്ഷേപിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ പുതിയ നിയമപ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ ആകെ 10 ലക്ഷം രൂപയോ അതിലധികമോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പാൻ കാർഡ് നൽകേണ്ടതുള്ളൂ. ഇത് ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും വലിയ ആശ്വാസമാകും.

  • വാഹനം വാങ്ങുന്നതിൽ ഇളവ്

വാഹനങ്ങൾ വാങ്ങുമ്പോൾ പാൻ കാർഡ് നൽകേണ്ട തുകയുടെ പരിധി 5 ലക്ഷം രൂപയായി ഉയർത്തി. നിലവിൽ ഏതൊരു വാഹനത്തിനും പാൻ കാർഡ് നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ 5 ലക്ഷത്തിന് താഴെ വിലയുള്ള കാറുകൾ വാങ്ങുമ്പോൾ പാൻ കാർഡ് നൽകേണ്ടതില്ല. അതേസമയം, ഉയർന്ന വിലയുള്ള ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് പാൻ കാർഡ് നിർബന്ധമാകും.

  • ഹോട്ടൽ ബില്ലുകൾക്കും ആഘോഷങ്ങൾക്കും പരിധി പുനക്രമീകരിച്ചു

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാങ്ക്വറ്റ് ഹാളുകൾ എന്നിവിടങ്ങളിലെ പണമിടപാടുകൾക്ക് നിലവിലെ 50,000 രൂപ എന്ന പരിധി 1 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതോടെ കല്യാണങ്ങൾക്കും മറ്റും ഹോട്ടലുകളിൽ പണമിടപാട് നടത്തുമ്പോൾ നേരിട്ടിരുന്ന ചെറിയ തടസ്സങ്ങൾ ഒഴിവാകും.

  • വസ്തു ഇടപാടുകളുടെ (Real Estate) പരിധിയിൽ മാറ്റം

വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ പാൻ കാർഡ് ആവശ്യമായ കുറഞ്ഞ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായി സർക്കാർ വർധിപ്പിച്ചു. വസ്തു വില വർധിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം.

  • ഇൻഷുറൻസ് അക്കൗണ്ടുകൾക്ക് പാൻ കാർഡ് നിർബന്ധം

ഇൻഷുറൻസ് മേഖലയിൽ പുതിയ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ പാൻ കാർഡ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ വാർഷിക പ്രീമിയം 50,000 രൂപക്ക് മുകളിലുള്ളവർക്ക് മാത്രമേ പാൻ നിർബന്ധമുണ്ടായിരുന്നുള്ളൂ. ഇനി മുതൽ എല്ലാ ഇൻഷുറൻസ് അക്കൗണ്ടുകൾക്കും പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടി വരും.

മറ്റു മാറ്റങ്ങൾ

ക്രിപ്റ്റോ ഇടപാടുകളുടെ വിവരങ്ങൾ എക്സ്ചേഞ്ചുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം, ഡിജിറ്റൽ കറൻസി (CBDC) ഔദ്യോഗിക പണമിടപാടായി അംഗീകരിക്കുക തുടങ്ങിയ മാറ്റങ്ങളും കരട് റിപ്പോർട്ടിലുണ്ട്. കരട് നിയമത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ കേന്ദ്ര സർക്കാർ അവസരം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe