മലപ്പുറം: കൊളത്തൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ 19 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിൻ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് കൊളത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാൻ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂർ പൊലീസിന് ലഭിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, സിനാൻ ഒരു കുപ്പിയിൽ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഇത് ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
രാവിലെ പോയത് മലപ്പുറം മഅ്ദിൻ കോളേജിലേക്ക്, 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ
Mar 13, 2026, 6:16 am GMT+0000
payyolionline.in
