വൈദ്യുതി ഓവർലോഡ്; രാത്രിയിൽ ഫ്യൂസ് പോകുന്നത് പതിവാകുന്നു, വൈദ്യുതിമുടക്കം

news image
Mar 28, 2026, 8:11 am GMT+0000 payyolionline.in

കോഴിക്കോട്: വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക് കുതിച്ചതോടെ രാത്രികാലങ്ങളിൽ പലഭാഗത്തും വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു. ഓവർലോഡ് ആകുന്നതോടെ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് പോകുന്നതാണ് പ്രശ്‌നം.

രാത്രി 9.30-നും 12.30-നുമിടയിലുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കൂടുന്നത്. എ.സി., ഇൻഡക്ഷൻ കുക്കർ എന്നിവ ഉപയോഗിക്കുന്നതും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുമാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ ഓവർലോഡ് ആയി ഫ്യൂസ് പോകും. അത് നന്നാക്കാൻ കെ.എസ്.ഇ.ബി. ജീവനക്കാർ പല സ്ഥലങ്ങളിലേക്കും ഓടേണ്ടിവരും. പലയിടത്തും ഒരുമണിക്കൂറൊക്കെ സമയമെടുക്കുന്നുണ്ട്. 2024 മേയിൽ ഉണ്ടായിരുന്ന വൈദ്യുതി ഉപയോഗമാണ് ഇപ്പോൾ മാർച്ചിലുള്ളതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. അതുകൊണ്ടുതന്നെ ഇനിയുള്ള രണ്ടുമാസവും ഇതിനെക്കാൾ പ്രതിസന്ധിയുണ്ടാവും.

ഇതിനുപുറമേ ടവർ (പ്രസരണ-വിതരണത്തിനുള്ളത്) ലൈനിൽ ഓവർലോഡ് വന്നതും വൈദ്യുതിവിതരണത്തെ കഴിഞ്ഞദിവസം ബാധിച്ചു. വെസ്റ്റ്ഹിൽ, വടകര പോലുള്ള ഭാഗത്ത് 15 മിനിറ്റോളം വൈദ്യുതി മുടങ്ങി. ഓവർലോഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങിയത്. ഗ്രിഡിൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ അപൂർവമായിമാത്രമാണ് ഇത്തരം നിയന്ത്രണമുണ്ടാകുന്നത്. അരീക്കാട്-ഓർക്കാട്ടേരി ലൈനിൽ പ്രശ്‌നങ്ങളില്ലാതിരിക്കാനാണിത്.

ശ്രദ്ധിക്കാം, വാഹന ചാർജിങ്ങിലുൾപ്പെടെ

രാത്രി 9.30-നും 12.30-നുമിടയിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക

പാചകവാതകക്ഷാമംകൂടിയുള്ളതിനാൽ ഇൻഡക്ഷൻ ഉപയോഗിക്കുന്നത് കൂടി. 2000 വാട്സ് ശേഷിയുള്ളതാണ് ഇൻഡക്ഷൻ. രാത്രി വൈകിയുള്ള ഉപയോഗം ഒഴിവാക്കുക

ഇലക്ട്രിക് വാഹനങ്ങൾ പലരും രാത്രി വൈകിയാണ് ചാർജ് ചെയ്യുന്നത്. അതൊഴിവാക്കാം. ഒരു കാറിന് ഏഴ് കിലോവാട്ടൊക്കെയാണ് വേണ്ടിവരുന്നത്. വാഹനങ്ങൾ പകൽസമയത്തോ വൈകുന്നേരങ്ങളിലോ ചാർജ് ചെയ്യാം

എ.സി., ഫാൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശ്രദ്ധയോടെമാത്രം ഉപയോഗിക്കുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe