താമരശ്ശേരി: പുലർച്ചെ ചിക്കൻ സ്റ്റാളിൽ മോഷണത്തിനെത്തിയ യുവാവ് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ കുടുങ്ങി. താമരശ്ശേരി പരപ്പൻപൊയിലിലെ എം.ആർ ചിക്കൻ സ്റ്റാളിലാണ് മോഷണശ്രമം നടന്നത്. കണ്ണൂർ തോട്ടങ്കൽ തടിക്കാവ് സ്വദേശി ടി.സി മഹേഷിനെ (30) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ചിക്കൻ സ്റ്റാളിന്റെ വാതിലിന് പൂട്ടില്ലാതിരുന്ന സൗകര്യം മുതലെടുത്താണ് മഹേഷ് അകത്തുകയറിയത്. എന്നാൽ, കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ ആളുകളുണ്ടായിരുന്നത് ഇയാൾ ശ്രദ്ധിച്ചിരുന്നില്ല. മഹേഷിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ കാറിലുണ്ടായിരുന്നവർ ഇയാൾ അകത്തുകയറിയ ഉടൻ കടയുടെ ഷട്ടർ പുറത്തുനിന്ന് പൂട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം വട്ടക്കുണ്ടിലെ പച്ചക്കറി കടയിലും കാരാടി എച്ച്.പി പമ്പിന് സമീപത്തെ കഫേയിലും നടന്ന മോഷണങ്ങൾക്ക് പിന്നിലും ഇതേ യുവാവാണെന്ന് കടയുടമകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മഹേഷിനെതിരെ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
