ഇരിങ്ങൽ: ഇരിങ്ങൽ സ്പോർട്സ് അക്കാദമി അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ജൂനിയർ വോളീബോൾ ടൂർണ്ണമെന്റിന് തുടക്കമായി. ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള കോർട്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ബെറ്റാലിയൻ നരിപ്പറ്റ വിജയികളായി. ആവേശകരമായ പോരാട്ടത്തിൽ നന്മണ്ട എച്ച്.എസ്.എസ്സിനെ പരാജയപ്പെടുത്തിയാണ് നരിപ്പറ്റ വിജയം നേടിയത്.

മുൻ ഇന്ത്യൻ വോളീബോൾ താരം എം. ശ്രുതി വോളീമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. വോളീബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത്, വോളീബോൾ ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. വിജയൻ, വാർഡ് കൗൺസിലർ നിധീഷ് പി.വി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഇ.കെ. ലിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ.എൻ. പ്രജീഷ് കുമാർ നന്ദി രേഖപ്പെടുത്തി. അവധിക്കാലത്ത് കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി ഇത്തരമൊരു ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
