കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവം വീണാ ജോർജും ഗൺമാനും പെരുപ്പിച്ച് കാണിച്ചു എന്നും പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധവുമായി എത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻ പോലും കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ ഗൺമാനെതിരായ നടപടി ഡി.ജി.പി.യുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്ന് റിപ്പോർട്ടിലുണ്ട്. സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തിരുന്നത്. മന്ത്രിയെ ആക്രമിക്കുന്നത് കണ്ടു എന്നായിരുന്നു ഗണ്‍മാന്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ എസ്‌ഐടിയോട് പറഞ്ഞത് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയതെന്നുമായിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പിള്‍ എസ്‌ഐ ദീപ്തിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. തന്റെ പേരില്‍ ആദ്യം വ്യാജ മൊഴി നല്‍കിയെന്നാണ് എസ്‌ഐടിയ്ക്ക് എസ്‌ഐ ദീപ്തി മൊഴി നല്‍കിയത്. മന്ത്രിയെ ആക്രമിക്കുന്നത് താന്‍ കണ്ടില്ലെന്നും ദീപ്തി മൊഴി നല്‍കിയിട്ടുണ്ട്.
മന്ത്രിയായിരിക്കെ ഫെബ്രുവരി 25നാണ് കണ്ണൂരില്‍ വീണയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് രാത്രി പരിയാരത്തേക്ക് മാറ്റിയത്. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. വീണ ജോര്‍ജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് വിവരം.
