കോട്ടയം: കേരളാ കോൺഗ്രസ് എമ്മിന്റെ വിമർശനത്തിൽ എന്തുകൊണ്ട് സിപിഐഎം മറുപടി പറയുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അവർ പറഞ്ഞത് ശരിയായത് കൊണ്ടാണ് സിപിഐഎം മറുപടി പറയാത്തതെന്നും മറിച്ചാണെങ്കിൽ മറുപടി പറയണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കടുത്ത വിമർശനങ്ങളാണ് കേരളാ കോൺഗ്രസ് മുന്നോട്ടുവെച്ചതെന്നും അതിൽ സിപിഐഎമ്മിന് മറുപടിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഉമ്മൻചാണ്ടിയുടെ ഫ്ളക്സ് കീറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ‘ഉമ്മൻചാണ്ടിയുടെ ഫ്ളക്സ് കീറാൻ കൈ പൊന്തുന്നത് ഏത് കോൺഗ്രസുകാരനാണ്? ഏത് യുഡിഎഫുകാരനാണ്? ഉമ്മൻചാണ്ടി ആരാണെന്ന് ഫ്ളക്സ് കീറിയവർ മനസിലാക്കണം. തെറ്റായിപ്പോയെന്ന് എഐസിസി തന്നെ പറഞ്ഞു. അനീതിയാണ് ചെയ്തത്. ഉമ്മൻചാണ്ടി ആരാണെന്ന് ആദ്യം അവർ അറിഞ്ഞിരിക്കണം. എഐസിസിയുടെ നിലപാടിനോട് ഞാൻ പൂർണമായും യോജിക്കുന്നു’- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രി ആരാണെന്ന് ഉടൻ അറിയാമെന്നും ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം വരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നേതാക്കൾ ഡൽഹിയിൽ എത്തിയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഫ്ളക്സുകൾ എടുത്തുമാറ്റാൻ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. രാജാവിനേക്കാൾ രാജഭക്തി കാണിക്കേണ്ട ആവശ്യമില്ലല്ലോ’- തിരുവഞ്ചൂർ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പ്രധാന സ്ഥാനങ്ങളിലേക്ക് തിരിച്ചുവരുമെന്നും തിരുവഞ്ചൂർ സൂചന നൽകി. ‘കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ വീട്ടിൽ കെട്ടിയിരുന്ന പശുവിനെ ഒറ്റ വെട്ടിനാണ് കൊന്നത്. നീതിപൂർവ്വമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ തിരിച്ചുവരും’ എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്.
