കോഴിക്കോട്: തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേക മഹായജ്ഞത്തോടനുബന്ധിച്ച് ഡോ. എൻ.ജെ. നന്ദിനി അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി. ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെ ഷൺമുഖപ്രിയ രാഗത്തിലുള്ള ‘വള്ളി നായകനെ’ എന്ന കൃതിയോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് വസന്ത രാഗത്തിലുള്ള ‘ഹരിഹരപുത്രം’, പശുപനി പ്രിയ രാഗത്തിലെ ‘ശരവണഭവ’, സാവേരി രാഗത്തിലുള്ള ‘കരികളഭമുഖം’ എന്നീ കൃതികളും അവർ ആലപിച്ചു. ആലങ്കോട് ഗോകുൽ (വയലിൻ), നൊച്ചൂർ നാഗരാജ് (മൃദംഗം), രോഹിത് പ്രസാദ് (ഘടം) എന്നിവർ പക്കവാദ്യമൊരുക്കി.
മഹായജ്ഞത്തിന്റെ ഭാഗമായുള്ള അതിരുദ്ര മഹായജ്ഞവും ഗംഗാ ആരതിയും തിങ്കളാഴ്ച മുതൽ ആരംഭിക്കും. മെയ് 16 വരെ നീണ്ടുനിൽക്കുന്ന ഗംഗാ ആരതി തളിക്കുളത്തിന്റെ കിഴക്കുഭാഗത്തുള്ള മണ്ഡപത്തിലാണ് നടക്കുന്നത്. വാരാണസിയിൽ നിന്നുള്ള പ്രമുഖ പുരോഹിതർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കഴിഞ്ഞ ദിവസം നടന്ന സഹസ്ര കലശാഭിഷേകത്തിന് ചിറ്റൂർ തെക്കേഗ്രാമം അമ്പിഗുരുക്കൾ നേതൃത്വം നൽകി. ദീപാരാധന സമയത്ത് ശൃംഗേരി ജഗദ്ഗുരു ശങ്കരാചാര്യ വിധുശേഖര ഭാരതി ക്ഷേത്രം സന്ദർശിച്ചു. തുടർന്ന് വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി.
