പയ്യോളി: ദേശീയപാത ആറുവരിപ്പാതയുടെ അടിയിൽ പെരുമാൾപുരത്ത് രൂപപ്പെട്ട വലിയ ഗർത്തം കരാർ കമ്പനി അധികൃതർ മണ്ണിട്ട് മൂടി. കനത്ത മഴയെ തുടർന്ന് റോഡിനടിയിൽ നിന്ന് വ്യാപകമായി മണ്ണ് ഒലിച്ചുപോയതോടെയാണ് ഗുഹയ്ക്ക് സമാനമായ രീതിയിൽ ഇവിടെ ഗർത്തം രൂപപ്പെട്ടത്. അപകടാവസ്ഥ പരിഹരിക്കാതെ വെറും മണ്ണ് മാത്രം നിറച്ച് പ്രശ്നം ഒതുക്കിത്തീർക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരിൽ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മൂന്നുവരിപ്പാതയുടെ അടിയിൽ നിന്നാണ് മൂന്ന് മീറ്ററോളം ദൂരത്തിൽ മണ്ണ് പുറത്തേക്ക് ഒലിച്ചുപോയത്. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ റോഡിലെ വിടവിലൂടെ വെള്ളം താഴേക്ക് ഒഴുകിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ താഴെയുള്ള സംരക്ഷണ ഭിത്തിയും തകർന്ന് മണ്ണ് പൂർണ്ണമായി ഒലിച്ചുപോവുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സമീപവാസികൾ ഈ അപകടാവസ്ഥ കാണുന്നത്. സ്ഥലത്തെച്ചൊല്ലി കേസ് നിലനിൽക്കുന്നതിനാൽ ഈ ഭാഗത്ത് സർവീസ് റോഡ് നിർമ്മിച്ചിരുന്നില്ല.

വലിയ രീതിയിൽ മണ്ണ് ഒലിച്ചുപോയിട്ടും ഇതിന് മുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് പ്രദേശം. സമീപവാസിയായ അമ്പാടിയിൽ രവീന്ദ്രൻ ദേശീയപാത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്നാണ് കരാർ കമ്പനി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ഇന്നലെ രാത്രിയോടെ ജെ.സി.ബി ഉപയോഗിച്ച് ഗർത്തം കാണാത്ത രീതിയിൽ മണ്ണ് ഇട്ട് മൂടുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിന്റെ തുടക്കത്തിലുണ്ടായ ആദ്യ മഴയിലും ഈ ഭാഗത്തുനിന്ന് വെള്ളവും ചെളിയും കുത്തിയൊലിച്ച് രവീന്ദ്രന്റെ വീട്ടുപറമ്പിലേക്ക് ഒഴുകിയെത്തുകയും വണ്ടികൾ ചെളിയിൽ പൂണ്ടുപോവുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ മൂരാട് പാലത്തിന് സമീപം സമാനമായ രീതിയിൽ മണ്ണ് ഇടിഞ്ഞ് റോഡ് താഴ്ന്നപ്പോൾ, ഗതാഗതം പൂർണ്ണമായി നിരോധിച്ച ശേഷമാണ് മണ്ണ് നീക്കി പുതിയ മണ്ണും സാമഗ്രികളും ഇട്ട് ശാസ്ത്രീയമായി പ്രശ്നം പരിഹരിച്ചത്. അതേ മാതൃകയിൽ പെരുമാൾപുരത്തും നിലവിലെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്ത് ആദ്യഘട്ടം മുതൽ ശാസ്ത്രീയമായ പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എങ്കിൽ മാത്രമേ യാത്രക്കാരുടെയും സമീപവാസികളുടെയും ആശങ്കയ്ക്ക് പരിഹാരമാകൂ.
