സിഎംആർഎൽ- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമൻസ് അയച്ച് ഇ ഡി

news image
Jun 9, 2026, 4:50 am GMT+0000 payyolionline.in

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആർംഎൽ ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ 9 പേർക്കാണ് ഇപ്പോൾ ഇഡി സമൻസ് നൽകിയിരിക്കുന്നതെന്നാണ് വിവരം.

ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സിഎംആർഎൽ തിരിച്ചടി നേരിടുകയും രേഖകൾ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ ടിയുടേത് ഉൾപ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത നിർണായക രേഖകൾ കൂടി വച്ചുകൊണ്ടാകും ഇ ഡി ചോദ്യങ്ങൾ ചോദിക്കുക. കേസിൽ ഇ ഡി പരമാവധി രേഖകളും ഡിജിറ്റൽ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ശേഖരിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. പിണറായി വിജയന്റെ വീട്ടിലടക്കം ഇ ഡി റെയ്ഡിനായി കയറിയപ്പോൾ സിപിഐഎം പ്രവർത്തകർ അതിശക്തമായ പ്രതിഷേധമുയർത്തുകയും ഇഡി ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങൾ അടക്കം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ വേഗത്തിലുള്ളതും കരുതലോടെയുള്ളതുമായ നീക്കങ്ങളാണ് ഇ ഡി ഈ കേസിൽ നടത്തിവരുന്നത്.

സിഎംആർഎൽ – എക്‌സാലോജിക്ക് ഇടപാടിലെ നിർണായക രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ ഇന്നലെയാണ് കോടതി അംഗീകരിച്ചിരുന്നത്. എസ്എഫ്‌ഐഒ റിപ്പോർട്ടിന്റെ അനുബന്ധമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണ ടി – CMRL കരാർ, വീണയുടെ ഐടി റിട്ടേൺസ് രേഖകൾ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. രേഖകൾ കൈമാറാൻ തടസമില്ലെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. രേഖകൾ നൽകരുതെന്ന സിഎംആർഎൽ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്നലെ തള്ളിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe