തൃശൂർ: തൃശൂരിൽ വിവിധയിടങ്ങളിൽ മിന്നൽ ചുഴലി. പ്രധാനമായും വില്ലടം, ചേറൂർ, നട്ടത്തറ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയുണ്ടായത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. വില്ലടം മിൽമയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരം വീണു. ഈ സമയം സ്കൂൾ വാഹനങ്ങൾ അടക്കം റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മരം വീണത് ഗതാഗതക്കുരുക്കിന് കാരണമായി. മണിക്കൂറുകൾക്കുള്ളിൽ തന്നെ മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
നട്ടത്തറ പൂച്ചട്ടിയിൽ സ്കൂൾ മുന്നത്തേയ്ക്ക് മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്റെ മുറ്റത്താണ് മരം വീണത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അഞ്ചോളം വലിയ തേക്കിൻ മരങ്ങളായിരുന്നു വീണത്. നാലോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു ഒമിനി വാൻ പൂർണായും തകർന്നു.
എൽകെജി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകൾ തകർന്നു. തൂണുകളും തകർന്നിട്ടുണ്ട്. കുട്ടികൾ സ്കൂളിലേക്ക് വരുന്ന സമയത്തായിരുന്നു അപകടം. കുട്ടികൾ കെട്ടിടത്തിൽ പ്രവേശിച്ചതിന് പിന്നാലെ വലിയ കാറ്റ് വീശുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ആർക്കും അപകടമില്ലെന്നും അധ്യാപിക പറഞ്ഞു.
