എബോള ഭീതി ഒഴിയുന്നു; നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിയുടെ ഫലം നെഗറ്റീവ്

news image
Jun 20, 2026, 7:04 am GMT+0000 payyolionline.in

കോട്ടയം: സംസ്ഥാനത്ത് എബോള നിരീക്ഷണത്തിലിരുന്ന രോഗിയുടെ ഫലം നെഗറ്റീവ്. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ കോട്ടയം സ്വദേശിയായ സ്ത്രീയുടെ ഫലമാണ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയത്. ഫലം നെഗറ്റീവ് ആയതോടെ എബോള സംശയിച്ച് ആശുപത്രയിൽ കഴിഞ്ഞ രോഗിയെ ഡിസ്ചാർജ് ചെയ്തു. രോഗലക്ഷണങ്ങളെ തുടർന്ന് ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കണക്ഷൻ ഫ്‌ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ചിലരിൽ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe