തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകൾക്ക് നിരക്കാത്തത് പറഞ്ഞുവെന്നും ബോധപൂർവ്വം തെറ്റായ കാര്യങ്ങൾ പറയുകയായിരുന്നുവെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
താൻ വർഗീയത പരത്തുകയാണെന്ന് പറഞ്ഞു. വഖഫ് ബോർഡ് വിഷയത്തിൽ താൻ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നും അദ്ദേഹം ചോദിച്ചു.
വ്യക്തമാക്കാനുള്ള ബാധ്യത വി ഡി സതീശനുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി അംഗീകരിക്കുന്ന ആദ്യത്തെ ബിജെപി ഇതര സർക്കാരാണ് കേരളത്തിൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. ഇത് കൃത്യമായ സംഘപരിവാർ സേവയാണ്. അത് പൂർണമായി തുറന്നുകാട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹം നിലവിട്ട് സംസാരിക്കാൻ തുടങ്ങിയതെന്നും പിണറായി വിജയൻ ആരോപിച്ചു.
