തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ ‘ജെൻസി സമരം’ നടത്താനൊരുങ്ങി പിഎസ്സി ഉദ്യോഗാർത്ഥികൾ. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചനാ സമരം നടത്തും. സിജെപി മാതൃകയിൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മയാണ് സമരം നടത്തുക. ഓൾ കേരളാ പിഎസ്സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതമായി തുടരാനാണ് തീരുമാനം. പിഎസ്സി ക്രമക്കേട്, നിയമനം നടക്കാത്തത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. സിജെപി സമര വിജയത്തിന് പിന്നാലെ കൂടുതൽ പേർ പിഎസ്സി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധവും ശക്തമാവുകയാണ്. അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോൾഡേഴ്സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോൾഡേഴ്സും സമരവുമായി രംഗത്തെത്തിയത്. അധ്യാപക ഒഴിവുകൾ ഉണ്ടായിട്ടും നിയമന നടപടികൾ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ സർക്കാർ അനാസ്ഥ തുടരുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഡൽഹിയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ ഉൾപ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ സ്വന്തം സംസ്ഥാനത്തെ റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും അവർ പ്രതികരിച്ചു.
2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് വന്നതിന് പിന്നാലെ ആദ്യ അധ്യായന വർഷവും കഴിഞ്ഞു. എന്നാൽ രണ്ട് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. പല ജില്ലകളിലും ഒന്നാം റാങ്കുകാർ പോലും നിയമിതരായിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. സമരം തുടങ്ങുന്നതിന് മുൻപ് രണ്ട് തവണ ഉദ്യോഗാർത്ഥികൾ സൂചനാ പണിമുടക്ക് നടത്തി. എന്നാൽ സർക്കാർ നിയമന നടപടികളൊന്നും സ്വീകരിച്ചില്ല. തങ്ങളെ സർക്കാർ സമരത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. നിയമനം ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് 25 ദിവസമായി സമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെയും നിലപാട്.
