മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനോട് കടുപ്പിച്ച് ഹൈക്കോടതി; “ഒരു കേസിൽ പോലും കുറ്റപത്രം നൽകിയില്ലേ?”

news image
Aug 14, 2026, 8:02 am GMT+0000 payyolionline.in

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശശിധരനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കുറ്റപത്രം നൽകിയ കേസുകളുടെ എഫ്ഐആർ നമ്പർ നൽകാത്തതെന്താണെന്ന് കോടതി ചോദിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസിൽ കുറ്റപത്രം നൽകി എന്ന ചോദ്യത്തിന് ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ഏത് കേസിൽ എവിടെ അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം ഫയൽ ചെയ്തു? ഒരെണ്ണത്തിൽ പോലും കുറ്റപത്രം നൽകിയില്ലല്ലോ? പ്രൊസിക്യൂഷൻ അനുമതി എത്ര കേസുകളിൽ തേടി? എന്നിങ്ങനെയും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാ വിശദാംശങ്ങളും കൃത്യമായി എഴുതി നൽകണമെന്നാണ് എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

സംഭവത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഏഴ് കേസുകളിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറായി എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശശിധരൻ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ടിൽ മതിയായ വിവരങ്ങൾ ഇല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചിരുന്നത്. അതിനാൽ തന്നെ എസ്പി എസ് ശസിധരൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് എസ്പിയോട് കോടതിയുടെ ചോദ്യങ്ങളുണ്ടാകുന്നത്. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് തന്നെ കോടതി പരിഗണിക്കും

ആറുവർഷം മുൻപ് 2020 ജൂൺ 24നാണ് എസ്എൻഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ മഹേശൻ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോർപറേഷൻ കുറഞ്ഞ പലിശക്ക് നൽകുന്ന വായ്പകൾ എടുത്ത ശേഷം, എസ്എൻഡിപി യൂണിയനുകൾ അത് അംഗങ്ങൾക്ക് കൂടിയ നിരക്കിൽ നൽകിയതാണ് മൈക്രോഫിനാൻസ് കേസുകൾക്ക് ആധാരം. വായ്പ നൽകാതെ നിർധന സ്ത്രീകളുടെ പേരിൽ വ്യാജരേഖകൾ കാണിച്ച് വൻ തുകകൾ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.

മൈക്രോഫിനാൻസ് പദ്ധതികളുടെ സംസ്ഥാന കോർഡിനേറ്റർ ആയിരുന്ന കെ കെ മഹേശൻ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാൽ പ്രതിപ്പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാൻ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശൻ ജീവനൊടുക്കിയത് എന്നാണ് ആരോപണം. ആറുവർഷം എത്തുമ്പോൾ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസിൽ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരൻ കത്ത് നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടിരുന്നില്ല. പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം സുധീരൻ വീണ്ടും നൽകിയ കത്തിലാണ് കേസിന് വീണ്ടും ജീവൻവെച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe