കോഴിക്കോട്: ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട് താഴം പീസ് ഗാർഡനിൽ പി. വൈശാഖനെയാണ് വെള്ളിയാഴ്ച രാവിലെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു ഇയാൾ.
കഴിഞ്ഞ ജനുവരി 24-നാണ് മോരിക്കരയിലെ വൈശാഖന്റെ ‘ഐഡിയൽ ഇൻഡസ്ട്രിയൽ’ എന്ന സ്ഥാപനത്തിനുള്ളിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട്, ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വൈശാഖൻ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി പാതിമയക്കത്തിലായ യുവതിയെ മർദിച്ച്, കഴുത്തിൽ കുരുക്കിട്ട് സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
യുവതിയുടെ മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹത്തെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും, തുടർന്ന് സംഭവം ആത്മഹത്യാശ്രമമാണെന്ന് വരുത്തിത്തീർക്കാൻ സ്വന്തം ഭാര്യയെ വിളിച്ചുവരുത്തി യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ, യുവതിയുടെ ബാഗിൽനിന്ന് ലഭിച്ച ഡയറിക്കുറിപ്പാണ് കേസിൽ നിർണായക തെളിവായത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി വൈശാഖനായിരിക്കുമെന്നും, 16 വയസ്സുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഡയറിയിൽ വ്യക്തമാക്കിയിരുന്നു.
ചോദ്യം ചെയ്യലിൽ പ്ലസ്ടു പഠനകാലം മുതൽ പീഡനം തുടങ്ങിയതായി വൈശാഖൻ സമ്മതിച്ചതോടെ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ റിമാൻഡിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
