ന്യൂഡൽഹി: ബാങ്കിങ് പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ.) ഉന്നതതല സമിതി രൂപീകരിച്ചു. സെപ്റ്റംബർ 27-ന് ഐ.ബി.എ.യുടെ ചർച്ചാ സമിതിയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (യു.എഫ്.ബി.യു.) തമ്മിൽ നടത്തിയ യോഗത്തെത്തുടർന്നാണ് തീരുമാനം. ബാങ്ക് മാനേജ്മെന്റ്, ജീവനക്കാരുടെ യൂണിയൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.
ബാങ്ക് ഓഫ് ഇന്ത്യ എം.ഡി.യും സി.ഇ.ഒ.യുമായ രജനീഷ് കർണാടകാണ് സമിതി ചെയർമാൻ. പഞ്ചാബ് നാഷണൽ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ അശോക് ചന്ദ്ര ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിക്കും. എല്ലാ ശനിയാഴ്ചകളും ബാങ്ക് അവധിയാക്കണമെന്ന ആവശ്യത്തിൽ ജീവനക്കാരുടെ സംഘടനകൾ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകൾ.
വർഷങ്ങളായി നീളുന്ന ഈ നിർദേശത്തിൽ, ജോലി സമയം ദിനംപ്രതി 45 മിനിറ്റ് വരെ വർധിപ്പിക്കാമെന്ന് 2023 ജനുവരിയിലെ ഉഭയകക്ഷി ചർച്ചയിൽ അസോസിയേഷൻ ധാരണയിലെത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ മറ്റു പ്രവൃത്തിദിവസങ്ങളിലെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനും പ്രാഥമിക ധാരണയായി. പുതിയ സമിതി നിലവിൽ വന്നതോടെ വിഷയം വേഗത്തിൽ നടപ്പിലാക്കാനുള്ള തുടർനടപടികൾ ആരംഭിക്കും.
