പോർച്ചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ അഞ്ച് മിനുട്ട് നീണ്ട വീഡിയോയിലൂടെയാണ് ക്രിസ്‌റ്റിയാനോ തന്റെ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. 2003 ഓഗസ്‌റ്റിൽ ധരിച്ച ഏഴാം നമ്പർ ജഴ്‌സി തിരികെ നൽകാൻ സമയമായിരിക്കുന്നു എന്നാണ് താരം വൈകാരികമായി പറഞ്ഞത്. ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു. തല ഉയർത്തിപ്പിടിച്ച്, ആത്മാഭിമാനത്താടെ, സാധ്യമായതെല്ലാം പോർച്ചുഗലിന് സമർപ്പിച്ചു കൊണ്ടാണ് പടിയിറക്കമെന്ന് താരം പറയുന്നു. സഹതാരങ്ങൾക്കും, പരിശീലകർക്കും, കുടുംബത്തിനും പോർച്ചുഗീസ് ഫുട്‌ബോൾ ആരാധകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം വിട പറയൽ ഉപസംഹരിച്ചത്.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് ക്രിസ്‌റ്റിയാനോ റൊണാൾഡോ. പോർച്ചുഗലിനായി 234 മത്സരങ്ങൾ കളിച്ചു. 2003 ഓഗസ്‌റ്റ് 20ന് കസാഖിസ്ഥാനെതിരെ ആയിരുന്നു അരങ്ങേറ്റം. 2004 യൂറോ കപ്പിൽ ഗ്രീസിനെതിരെ ആയിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 146 അന്താരാഷ്ട്ര ഗോളുകളുടെ റെക്കോർഡുമായാണ് ഫുട്‌ബോൾ കണ്ട ഇതിഹാസത്തിന്റെ പടിയിറക്കം.
