കണ്ണൂർ: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്ന് അജയ് ആയങ്കി മൊഴി നൽകി. നിയമനടപടികൾക്കായി ഈ പണം ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് മൊഴി നൽകിയിരുന്നു.
എന്നാൽ അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ എത്തിയ ഗുണ്ടാ നേതാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. അജയ് ആയങ്കിയെ ജാമ്യത്തിൽ എടുക്കാനായി നടക്കാവ് സ്റ്റേഷനിലാണ് ക്വട്ടേഷൻ സംഘാംഗം എത്തിയത്. ഗുണ്ടയായ ഇയാൾക്കെതിരെയുള്ള കേസുകൾ കൂടി പൊലീസ് പരിശോധിക്കുകയാണ്. ഇതേ തുടർന്ന് സഹോദരൻ അഖിൽ ആയങ്കിയാണ് അജയ് ആയങ്കിയെ ജാമ്യത്തിലിറക്കാൻ നടക്കാവ് റോഡ് സ്റ്റേഷനിൽ എത്തിയത്.
മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് അഖിൽ ആയങ്കി മാധ്യമങ്ങളോട് കയർത്തു. മാധ്യമങ്ങളാണ് അജയിയെ പെടുത്തിയതെന്നും നടക്കാവ് സ്റ്റേഷനിലെത്തിയ അഖിൽ പ്രതികരിച്ചു.
അതേസമയം, പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അർജുൻ ആയങ്കിയെ തലശ്ശേരി ജയിലിലേക്ക് മാറ്റി.പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
