ആസൂത്രണ ബോർഡ് നിയമനവിവാദം: ‘മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട്’; ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്‌ സമർപ്പിച്ചു

news image
Jul 25, 2026, 7:21 am GMT+0000 payyolionline.in

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷയുടെ മൂല്യനിർണയത്തിൽ പിഴവ് സംഭവിച്ചതായി കണ്ടെത്തൽ. ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചതിൽ ഗുരുതര ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. മറ്റന്നാൾ ചേരുന്ന പിഎസ്‌സി യോഗം വിഷയം ചർച്ച ചെയ്യും. ആസൂത്രണ ബോഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടിരുന്നു. ഇതിൽ രണ്ട് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേർക്ക് നിയമനവും നൽകിയിരുന്നു. ഇതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഒരു ഉദ്യോഗാർത്ഥിയുടെ പരാതി എത്തിയതോടെ പിഎസ്‌സി പിഴവ് സമ്മതിക്കുകയായിരുന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് എസ്ഐടി. പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ പിഎസ്‌സി സംശയമുനയിലായതോടെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ആദ്യം ക്രമക്കേട് ആരോപണം ഉയർന്നത്.

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല നൽകിയത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പിഎസ്‌സി ആസ്ഥാനത്ത് എസ്ഐടി പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടറുകളാണ് പ്രധാനമായും പരിശോധിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe