വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപകനെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

news image
Sep 13, 2026, 11:03 am GMT+0000 payyolionline.in

കൊല്ലം: അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെതിരെയാണ് കേസ്. സംഭവത്തിൽ അഞ്ചൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറോടും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.

അഞ്ചൽ സ്വദേശികളായ റിയാസ്–റെജീന ദമ്പതികളുടെ മകൾ റിക്സ്വാനയെ ആണ് സുഫിയാൻ അതിക്രൂരമായി മർദിച്ചത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചുപൊട്ടിച്ചു. ട്യൂഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിയതിനെത്തുടർന്നായിരുന്നു മർദനം. വൈകിട്ട് ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കരഞ്ഞു കൊണ്ട് മാതാപിതാക്കളോടു വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും അടിയേറ്റ പാടുകൾ കണ്ടത്.

തുടർന്ന് അധ്യാപകനെ വിളിച്ചപ്പോൾ ‘പൊലീസിൽ പരാതി കൊടുക്ക്’ എന്നാണ് മറുപടി നൽകിയതെന്ന് വിദ്യാർഥിനിയുടെ കുടുംബം പറഞ്ഞു. സുഫിയാനെതിരെ കുട്ടിയുടെ കുടുംബം മൊഴിനൽകിയതിനെത്തുടർന്ന് അഞ്ചൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്കും മർദനമേറ്റതായി പരാതി ലഭിച്ചിരുന്നു. അധ്യാപകനെതിരെ കൂടുതൽ പരാതികൾ വന്നതിനു പിന്നാലെ ബാലാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe