മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. വീടിൻറെ വൈദ്യുതി സംവിധാനമുൾപ്പെടെ നിരവധി ഉപകരണങ്ങൾ തകരാറിലായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ഇടിമിന്നലിനെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ തുടങ്ങിയവയും പൂർണമായി നശിച്ചു. വീടിൻറെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി സംവിധാനങ്ങൾ ഉപയോഗ ശൂന്യമായ നിലയിലാണ്.
ഇടിമിന്നലിൻറെ ആഘാതത്തിൽ മുകൾ നിലയിലെ ഓടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വീടിൻറെ ചുമരുകളിലും സീലിങ്ങുകളിലും വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രകമ്പനത്തോടെയുണ്ടായ ഇടിമിന്നലാണ് വീടിന് ഇത്രയധികം നാശനഷ്ടമുണ്ടാക്കിയത്. വീട്ടിലെ വിലപിടിപ്പുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി. ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കാണ് പ്രധാനമായും കേടുപാടുകൾ സംഭവിച്ചത്. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. രാത്രി സമയത്തുണ്ടായ ശക്തമായ ഇടിമിന്നൽ വീട്ടുകാർക്ക് വലിയ ആശങ്കയ്ക്കിടയാക്കിയെങ്കിലും ആളപായമുണ്ടായില്ല. വീടിൻറെ വൈദ്യുതി സംവിധാനവും ഗൃഹോപകരണങ്ങളും വ്യാപകമായി തകരാറിലായതോടെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
