കൊച്ചി: എറണാകുളം കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം നൽകി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭർത്താവ്. ക്രൂരമായ പീഡനത്തിന് ഇരയായ ഭാര്യ നിലവിൽ ആരെയും തിരിച്ചറിയാൻ കഴിയാത്തവിധം കടുത്ത മാനസികാഘാതത്തിലും ഗുരുതരാവസ്ഥയിലുമാണെന്ന് ഭർത്താവ് പറഞ്ഞു. പ്രതികൾ നൽകിയ ഐസ്‌ക്രീമിൽ മയക്കുമരുന്ന് കലർത്തിയിരുന്നുവെന്നും നാലിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.
ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുനിർത്തി. വീട്ടിലെത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഫോൺ പ്രതികൾ പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും ഭർത്താവ് കൂട്ടിച്ചേർത്തു.
സ്പായിലെ മാനേജർ തസ്തികയിലേക്ക് ഒ.എൽ.എക്സ് (OLX) വഴി നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിക്കുന്നത്. ഇന്റർവ്യൂവിന് ശേഷം ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന സ്ത്രീ ഉൾപ്പെടെയുള്ള മറ്റ് രണ്ടു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസിലെ പ്രതികൾക്ക് സെക്‌സ് റാക്കറ്റുകളുമായും ഒന്നിലധികം സ്പാകളുമായും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
