പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് ഓഫീസിലെ മേൽക്കൂരയിലെ സ്ലാബിന്റെ കോൺക്രീറ്റ് അടർന്നുവീണ് ഇന്റേൺഷിപ്പിനെത്തിയ കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. തൊട്ടിൽപ്പാലം സ്വദേശിനി ശ്വേതയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയിൽ അഞ്ച് തുന്നലുകളുണ്ട്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ഓഫീസ് മുറിയിൽ അപ്രതീക്ഷിത അപകടമുണ്ടായത്. കസേരയിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ശ്വേതയുടെ തലയിലേക്ക് സ്ലാബിന്റെ മൂലയിലുള്ള വലിയൊരു കോൺക്രീറ്റ് ഭാഗം പൊട്ടി വീഴുകയായിരുന്നു. ഡിഗ്രി പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് പൂർത്തിയാക്കി ശനിയാഴ്ച തന്നെ മടങ്ങാനിരിക്കെയാണ് വിദ്യാർത്ഥിനിക്ക് ഈ ദുരനുഭവം ഉണ്ടായത്.
ഏകദേശം 58 വർഷത്തെ കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും, കാലപ്പഴക്കമുള്ള ഈ കെട്ടിടം പുനർനിർമ്മിക്കുന്നത് ഭരണസമിതിയുടെ സജീവ പരിഗണനയിലിരിക്കെയാണ് അപകടം സംഭവിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ വ്യക്തമാക്കി.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ആദ്യ വർക്കിങ് ഗ്രൂപ്പിലും ആസൂത്രണ സമിതിയിലും ചർച്ച ചെയ്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ ഫണ്ടിനായി എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
