കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള സമയക്രമത്തെച്ചൊല്ലിയുള്ള തർക്കവും സംഘർഷവും തുടരുന്നു. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ബസ് ജീവനക്കാർക്ക് മർദനമേറ്റു. മലപ്പുറം വള്ളുവമ്പ്രം സ്വദേശികളായ കെ. കബീർ (48), കെ.പി. ദിൽഷാദ് (24) എന്നിവർക്കാണ് പരിക്കേറ്റത്.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് ‘മിഷാൻ’ ബസ് കഴുകുന്നതിനിടെയാണ് ക്ലീനറായ കബീറിന് മർദനമേറ്റത്. ‘അനുഗ്രഹം’ ബസ് ഉടമ ജാബിറും സംഘവുമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം വെച്ച് ദിൽഷാദിനെ മൂന്നംഗ സംഘം തടഞ്ഞുനിർത്തി മുളവടികൊണ്ട് മർദിച്ചു. രണ്ട് സംഭവങ്ങളിലും കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ രീതിയിൽ പാളയത്ത് വെച്ച് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് രണ്ട് ബസുകളുടെ ചില്ലുകൾ തകർക്കപ്പെടുകയും ഒരു ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോഴിക്കോട്-മുക്കം റൂട്ടിലോടുന്ന ബസുകൾ തമ്മിലായിരുന്നു അന്ന് സംഘർഷമുണ്ടായത്. സമയക്രമത്തെച്ചൊല്ലി ബസ് ജീവനക്കാർ തെരുവിൽ ഏറ്റുമുട്ടുന്നത് നഗരത്തിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ഭീഷണിയായി മാറുകയാണ്.
