മൂഴിക്കൽ ഇരട്ടമരണം: സാമ്പത്തിക ഇടപാടുകളിലേക്കും ഭീഷണിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

news image
Apr 20, 2026, 4:49 am GMT+0000 payyolionline.in

കോഴിക്കോട്: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, നിർണ്ണായക വിവരങ്ങൾ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. അദിനാൻ നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

​അദിനാന് പലരുമായും പണമിടപാടുകൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷ്യവും ബന്ധപ്പെട്ട വ്യക്തികളെയും കണ്ടെത്താനാണ് ശ്രമം.

കൊല്ലപ്പെട്ട നസ്രീനയെ അദിനാൻ ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നസ്രീനയോടുള്ള ശത്രുത അദിനാൻ ആരുടെയെങ്കിലും മുന്നിൽ വെളിപ്പെടുത്തിയിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നു.

​ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് നസ്രീനയുടെ ഫോൺ ഉപയോഗിച്ച് അദിനാൻ തന്റെ സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. തരാനുള്ള പണം നൽകാൻ കഴിയില്ലെന്നും താൻ മരിക്കുകയാണെന്നും അറിയിച്ച ശേഷം ഈ ചാറ്റ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സമാനമായ രീതിയിൽ മറ്റ് ആർക്കെങ്കിലും സന്ദേശങ്ങൾ അയച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇരുവരുടെയും ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്.

​വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയ ഇരുവരുടെയും ഫോണുകൾ അദിനാൻ തന്നെ ഉപേക്ഷിച്ചതാകാമെന്നാണ് ബന്ധുക്കളുടെ സംശയം. വീടിന്റെ അടുക്കളവാതിൽ തുറന്ന് അകത്തുകയറിയ അദിനാൻ, കൃത്യത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. നസ്രീനയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദിനാൻ എത്തിയതെന്നാണ് പോലീസ് വിലയിരുത്തുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe