ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രത്യേക വരി ഡിസംബർ ഒന്നുമുതൽ; മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിന് വിരാമം

news image
Nov 29, 2026, 7:03 am GMT+0000 payyolionline.in

ഗുരുവായൂർ: ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വരി സംവിധാനം ഡിസംബർ ഒന്നിന് വെളുപ്പിന് മൂന്നരയ്ക്ക് ആരംഭിക്കും. തനിച്ചു വരുന്ന സ്ത്രീകൾക്കും കൈക്കുഞ്ഞുങ്ങളും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുമായി വരുന്നവർക്കുമാണ് ഈ പ്രത്യേക വരി. അവരെ മണിക്കൂറുകൾ വരിയിൽനിർത്തി ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുണ്ടാകില്ല. പരമാവധി ഒരു മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കാവുന്ന രീതി നടപ്പാക്കാനാണ് ദേവസ്വം ആലോചിക്കുന്നത്. ഏറി വന്നാൽ രണ്ടു മണിക്കൂർ കാത്തിരിക്കേണ്ടിവരും. അല്ലാതെ പൊതുവായുള്ള വരിയിലേതുപോലെ നാലും അഞ്ചും മണിക്കൂർ കാത്തുനിൽക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും.

സ്ത്രീകൾക്കു മാത്രമായുള്ള വരി ഒരുക്കുന്നതിന് കിഴക്കേനടയിൽ സ്ഥലം നിശ്ചയിച്ചു. നിലവിലെ ക്യൂപ്പന്തലിന് തൊട്ടു കിഴക്ക് പോലീസ് കൺട്രോൾ റൂമിനെതിർവശത്തായാണ് വനിതാ ക്യൂ ആരംഭിക്കുക. അവിടെ നാലു സ്റ്റീൽവരികൾ പുതുതായി നിർമിക്കും. അതിലൂടെ ക്യൂപ്പന്തലിലെ ആദ്യത്തെ നാലു വരിയിലേക്ക് പ്രവേശിപ്പിക്കും. ശനിയാഴ്ച ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയോഗം ഇക്കാര്യം പ്രത്യേകമായി ചർച്ചചെയ്തു. ഇത് വിജയകരമായി നടപ്പാക്കാനുള്ള നടപടികൾക്കായി അഡ്മിനിസ്‌ട്രേറ്റർ എസ്. ഹരിഗോപാലിനെ ഭരണസമിതിയോഗം ചുമതലപ്പെടുത്തി. വരിസംവിധാനം ഒരുക്കുന്നതിന് ദേവസ്വത്തിലെ എൻജിനീയറിങ് വിഭാഗത്തെയും ചുമതലപ്പെടുത്തി. അടുത്ത ദിവസം സ്റ്റീൽവരികൾ സ്ഥാപിക്കും. സ്ത്രീകൾക്കു മാത്രമുള്ള വരിയാണെങ്കിലും എല്ലാ സ്ത്രീകളും ഈ വരിയിൽ നിൽക്കണമെന്നില്ല. കുടുംബസമേതം വരുന്ന സ്ത്രീകൾക്ക് പുരുഷൻമാർക്കൊപ്പം പൊതുവരിയിൽ നിൽക്കാം.

ദർശനത്തിനുള്ള എല്ലാ വരികളും ക്ഷേത്രത്തിനകത്തുനിന്ന് പുറത്തേക്കു മാറ്റാൻ ആലോചന. അകത്തെ തിരക്ക് കുറയ്ക്കാനാണിത്. നിലവിൽ ക്ഷേത്രത്തിനകത്ത് ജീവനക്കാരുടെ വരി, പ്രാദേശികം, ചോറൂൺ, പ്രത്യേക വരി എന്നിവയാണുള്ളത്. നെയ്‌വിളക്ക് വരി അടുത്തിടെ പുറത്തേക്കു മാറ്റി. ക്ഷേത്രത്തിനു പുറത്ത് മതിലിനോടു ചേർന്നുള്ള, മുതിർന്ന പൗരൻമാരുടെ വരി കുറച്ചുകൂടി വടക്കോട്ടു നീട്ടി. വടക്കേ നടപ്പന്തലിന്റെ അറ്റംവരെയാണ് നീട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe