വടകര : തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ അർധരാത്രി പൊലീസ് അതിക്രമം നടത്തിയതായി പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സിദ്ദീഖിന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പൊലീസ് കയറി പരിശോധന നടത്തിയെന്ന് കുടുംബവും യൂത്ത് കോൺഗ്രസ് നേതൃത്വവും ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ മുസ്ലിം ലീഗ് – സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട വ്യക്തിയാണ് സിദ്ദീഖ്. ഇയാളെ തേടിയാണ് പൊലീസ് സംഘം എത്തിയത്. എന്നാൽ, സ്ത്രീകളടക്കമുള്ളവർ വിശ്രമിക്കുന്ന മുറികളിൽ കയറി പൊലീസ് അതിക്രമം കാണിച്ചതോടെ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.പ്രതിഷേധം ശക്തമായതോടെ പരിശോധന പൂർത്തിയാക്കാനാവാതെ പൊലീസ് സംഘം പാതിവഴിയിൽ മടങ്ങി.
