തിരുവനന്തപുരം: മണിക്കൂറുകൾനീണ്ട ചർച്ചയ്ക്കൊടുവിൽ യു.ഡി.എഫ്. സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശധാരണയായി. കോൺഗ്രസ് നേതാക്കൾ പലവട്ടം നടത്തിയ കൂടിയാലോചനയും ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളുമാണ് ശനിയാഴ്ച മുഴുനീളെയുണ്ടായത്. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റ അംഗമുള്ള മൂന്നുകക്ഷികളിൽ സി.എം.പി. നേതാവ് സി.പി. ജോണിന് അഞ്ചുവർഷ മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ.ഡി.പി. നേതാവ് മാണി സി. കാപ്പൻ എന്നിവർ മന്ത്രിസ്ഥാനം പങ്കുവെക്കും. ടേം വ്യവസ്ഥയിൽ കാപ്പന് അതൃപ്തിയുണ്ട്.
സതീശന്റെ രണ്ടുതവണത്തെ സന്ദർശനത്തിലും വേണുഗോപാലിന്റെ സംസാരത്തിലും വഴങ്ങി. ആഭ്യന്തരവകുപ്പുതന്നെ നൽകി ചെന്നിത്തലയെ മന്ത്രിസഭയിലുൾപ്പെടുത്തും. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച രാവിലെ ദേശീയനേതൃത്വത്തിന് കൈമാറും. എ.ഐ.സി.സി. അനുമതിയോടെയാണ് പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും പേരുകൾ ഞായറാഴ്ച ഉച്ചയോടെ ഗവർണർക്ക് കൈമാറും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും ഒരുമിച്ചാണ് സത്യപ്രതിജ്ഞ.
കോൺഗ്രസിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കറും ചീഫ് വിപ്പും
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ മന്ത്രിമാരാകും
മുസ്ലിം ലീഗിന് അഞ്ചുമന്ത്രിസ്ഥാനങ്ങളും എം.കെ. മുനീറിന് നൽകാൻ കഴിയുന്ന ഏതെങ്കിലും പദവിയും ഉണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ എന്നിവരുടെ കാര്യം ഉറപ്പായി. പാറക്കൽ അബ്ദുള്ള, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എ.കെ.എം. അഷ്റഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് പരിഗണനയിൽ. തിങ്കളാഴ്ച അന്തിമതീരുമാനമാവും.
ആർ.എസ്.പി.യിൽനിന്ന് ഷിബു ബേബി ജോൺ മന്ത്രിയാകും
തർക്കവിഷയങ്ങൾ
തനിക്കൊപ്പം നിൽക്കുന്ന ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് ചെന്നിത്തല
ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരിലൊരാളെ പരിഗണിക്കും. ഐ.സി. ബാലകൃഷ്ണൻ മന്ത്രിയാകുമെങ്കിൽ സിദ്ദിഖിന് സാധ്യതയില്ല. ലീഗിന്റെ മന്ത്രിമാരിൽ എറണാകുളത്തുനിന്നുള്ള വി.ഇ. അബ്ദുൾ ഗഫൂർ ഉൾപ്പെട്ടേക്കും. അങ്ങനെയായാൽ, എറണാകുളത്തുനിന്ന് മുസ്ലിം വിഭാഗത്തിൽപ്പെട്ട മറ്റൊരാളെ കോൺഗ്രസ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. അൻവർ സാദത്തിന് സാധ്യത മങ്ങും. ഷാനിമോൾക്ക് സാധ്യത കൂടും.
സണ്ണി ജോസഫിന് പുറമേ, റോജി എം. ജോൺ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ എന്നിവരാണ് കോൺഗ്രസ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പേരുകൾ. ഇതുകൂടാതെ വി.ടി. ബൽറാമുമുണ്ട്. സ്പീക്കർ, ചീഫ് വിപ്പ് പദവിയിലേക്ക് ആരുവരുമെന്നതനുസരിച്ചിരിക്കും ഇവരുടെ മന്ത്രിസ്ഥാനം.
ഏഴ് എം.എൽ.എ.മാരാണ് കേരള കോൺഗ്രസിനുള്ളത്. അഞ്ച് എം.എൽ.എ. മാർക്ക് ഒരു മന്ത്രി എന്നതാണ് മുന്നണിയുടെ സമവായം.
22 എം.എൽ.എ.മാരുള്ള ലീഗിന് അഞ്ചുമന്ത്രിസ്ഥാനം നൽകുന്നുണ്ട്. തങ്ങൾക്ക് രണ്ടുമന്ത്രിസ്ഥാനത്തിന് അവകാശമുണ്ടെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വാദം. മോൻസ് ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഒരു മന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് അവർക്ക് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
ഏകദേശ ധാരണയിങ്ങനെ
ആഭ്യന്തരവും വിജിലൻസും: രമേശ് ചെന്നിത്തല
ധനവകുപ്പ്, തുറമുഖം: വി.ഡി. സതീശൻതന്നെ
ഗതാഗതം: സി.പി. ജോൺ (സി.എം.പി.)
റവന്യൂ വകുപ്പ്: സണ്ണി ജോസഫ്
എക്സൈസ് വകുപ്പ്: എം.ലിജു
ആരോഗ്യവകുപ്പ്: കെ. മുരളീധരന് നൽകണമെന്ന് ചർച്ചയിലുണ്ടെങ്കിലും ധാരണയിലെത്തിയിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് ലീഗ് കൈവശംവെക്കുന്നതാണെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി വകുപ്പാണ് കേരള കോൺഗ്രസിന് നൽകാമെന്ന് അറിയിച്ചിട്ടുള്ളത്. ജലവിഭവ വകുപ്പാണ് ആർ.എസ്.പി. ആവശ്യപ്പെട്ടിട്ടുള്ളത്.
