കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. എറണാകുളം ഡിസ്ട്രിക് സെഷൻസ് കോടതി 2 ആണ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിയത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ജാമ്യപേക്ഷ തള്ളിയിരുന്നു. അതേസമയം, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഉടൻ അപേക്ഷ നൽകും.
ഒക്ടബോർ 11ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസിൽ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്. അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
മദ്യപിച്ചാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് രക്ത മൂത്ര പരിശോധന ഫലത്തിൽ തെളിഞ്ഞിരുന്നു. രാസ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാനുള്ള പരിശോധന ഫലം കാത്തിരിക്കുന്നതിനാൽ ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യഷൻ വാദിച്ചത്. അപകടത്തിന്റെ കൃത്യമായ വിവരം നൽകുന്ന വാഹനത്തിലെ ഇഡിആർ വിവരങ്ങളുടെ പരിശോധനയും വരാനുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുത് എന്ന വാദം കോടതി പരിഗണിച്ചു. സുഹൈലിന് കുരുക്കായി ജോയലിന്റെ ഓഡിയോ സന്ദേശം കോടതിയിൽ എത്തിയതും ജാമ്യം നിഷേധിക്കുന്നതിൽ നിർണായകമായി. അപകടത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ജോയൽ സുഹൃത്തിന് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം. ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല.
