മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി; പവന് 99,760 രൂപ

news image
Nov 17, 2026, 8:32 am GMT+0000 payyolionline.in

കൊച്ചി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയായി. കഴിഞ്ഞ ദിവസം മുതൽത്തന്നെ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നതിന്റെ സൂചനകൾ വിപണിയിലുണ്ടായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

​രാജ്യാന്തര സ്വർണവില ഔൺസിന് 4000 ഡോളറിന് താഴെ തുടരുന്നതാണ് നിലവിലെ വിലക്കുറവിന് പ്രധാന കാരണം. ഇന്നലെ ഔൺസിന് 3857.50 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണം പിന്നീട് 3879 ഡോളറിലേക്ക് ഉയർന്നിരുന്നെങ്കിലും വീണ്ടും ഇടിയുകയായിരുന്നു. നിലവിൽ 3866 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം. ഇടിവ് തുടർന്ന് 3500 ഡോളർ വരെ താഴ്ന്നാൽ സംസ്ഥാനത്ത് പവന്റെ വില 95,000 രൂപയിലേക്കു എത്തിയേക്കാം. അമേരിക്കൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന പ്രതീക്ഷയും, ഡോളറും യുഎസ് ട്രഷറി ബോണ്ട് യീൽഡും കരുത്താർജിക്കുന്നതുമാണ് സ്വർണവിലയിൽ സമ്മർദ്ദമുണ്ടാക്കുന്നത്. ഇതോടെ നിക്ഷേപകർ സ്വർണം വിറ്റ് ബോണ്ടിലും ഡോളറിലും നിക്ഷേപിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്.

​അതേസമയം, വിലക്കുറവ് മുതലെടുത്ത് വിപണിയിൽ വാങ്ങൽ കൂടാൻ സാധ്യതയുള്ളതിനാൽ സ്വർണവിലയിൽ വലിയൊരു തകർച്ച ഉണ്ടാകില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിലെ വിവാഹ സീസൺ ആവശ്യകതയും കേന്ദ്ര ബാങ്കുകളുടെ സ്ഥിരമായ സ്വർണം വാങ്ങലും വിലയിടിവിനെ ഒരു പരിധിവരെ പിടിച്ചുനിർത്തിയേക്കാം. എങ്കിലും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.

​ഈ വർഷം ജനുവരി അഞ്ചിനാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് മാർച്ച് 23-നാണ് വില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. അന്ന് പവന് 99,480 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വീണ്ടും ഒരു ലക്ഷം കടക്കുകയായിരുന്നു. ഇതിനുശേഷം നീണ്ട മാസങ്ങൾ പിന്നിടുമ്പോഴാണ് സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് എത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe