മുക്കാളി സർവീസ് റോഡ് നിർമ്മാണം പൂർത്തിയായിട്ടും തുറന്നില്ല: യാത്രക്കാർ ദുരിതത്തിൽ

news image
May 8, 2026, 4:15 am GMT+0000 payyolionline.in

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുക്കാളി പടിഞ്ഞാറുഭാഗം സർവീസ് റോഡിന്റെ പ്രവൃത്തികൾ പൂർത്തിയായിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്തതിൽ വ്യാപക പ്രതിഷേധം. റോഡ് പണി മൂന്ന് ദിവസത്തിനുള്ളിൽ തീർത്ത് ബസ് സർവീസ് പുനഃസ്ഥാപിക്കുമെന്ന് രണ്ടാഴ്ച മുൻപ് ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു. മേഖലയിൽ അപകടങ്ങളും മരണങ്ങളും തുടർച്ചയാകുന്ന പശ്ചാത്തലത്തിലായിരുന്നു ഈ അടിയന്തര തീരുമാനം. എന്നാൽ നിർമ്മാണം കഴിഞ്ഞിട്ടും റൂട്ട് മാറ്റത്തിനുള്ള നിർദ്ദേശമോ ദിശാസൂചക ബോർഡുകളോ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

​ഉദ്യോഗസ്ഥരുടെ ഈ അനാസ്ഥ കാരണം സെൻട്രൽ മുക്കാളിയിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ കിലോമീറ്ററുകളോളം നടക്കേണ്ട അവസ്ഥയിലാണ്. നിലവിൽ ആറുവരി പാതയിലൂടെ ബസ്സുകൾ പോകുന്നതിനാൽ സെൻട്രൽ മുക്കാളിയിൽ സ്റ്റോപ്പില്ലാത്ത സ്ഥിതിയാണ്. കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ ഏറെനേരം കാത്തുനിന്ന ശേഷം മീത്തലെ മുക്കാളിയോ വടക്കേ മുക്കാളിയോ വരെ നടന്നാണ് ബസ്സിൽ കയറുന്നത്. ട്രാഫിക് ക്രമീകരണങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തി സർവീസ് റോഡിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe