മൾട്ടിപ്ലക്സുകളിൽ മിന്നൽപ്പരിശോധന: അമിതവിലയും സുരക്ഷാവീഴ്ചയും കണ്ടെത്തി

news image
Sep 8, 2026, 4:07 am GMT+0000 payyolionline.in

കോഴിക്കോട്: നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്റർ കഫേകളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി മിന്നൽപ്പരിശോധന നടത്തി. അമിതവില ഈടാക്കുന്നുവെന്ന പരാതികളെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ്, ലീഗൽ മെട്രോളജി കൺട്രോളർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു തിങ്കളാഴ്ച നഗരത്തിലെ രണ്ട് മൾട്ടിപ്ലക്സുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ വിലവിവരപ്പട്ടിക കൃത്യമല്ലാത്തതും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നൽകി.

​നിശ്ചിത താപനിലയിലല്ലാതെ സൂക്ഷിച്ച പഴച്ചാറുകളും തീയതി രേഖപ്പെടുത്താത്ത ചിപ്സുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഫേകളിൽ ജോലി ചെയ്യുന്ന 12 ജീവനക്കാരിൽ നാലുപേർക്ക് മാത്രമാണ് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നത്. എന്നാൽ ഭക്ഷ്യവസ്തുക്കളുടെ അളവിലും തൂക്കത്തിലും ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. തിയേറ്ററുകളിൽ കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും കാണികൾക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കാനും സിവിൽ സപ്ലൈസ് അധികൃതർ നിർദേശം നൽകി. കഫേയിൽ 400 മില്ലി കൊക്കകോളയ്ക്ക് 360 രൂപ വരെ ഈടാക്കുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ കെ.കെ. നാസർ, ബിനു ബാലക്, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുല, താലൂക്ക് സപ്ലൈ ഓഫീസർ പി.കെ. സുമേഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എസ്. ലസിക, പി. രാജിത തുടങ്ങിയവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

​നിലവിൽ സിനിമാ ടിക്കറ്റിനേക്കാൾ ഉയർന്ന തുകയാണ് മൾട്ടിപ്ലക്സുകളിലെ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത്. സാധാരണ തിയേറ്ററുകളിൽ 50 രൂപയ്ക്ക് പാനീയങ്ങളും 60 രൂപയ്ക്ക് പോപ്കോണും ലഭിക്കുമ്പോൾ മാളുകളിലെ മൾട്ടിപ്ലക്സുകളിൽ പോപ്കോണിന് 240 രൂപ മുതൽ 400 രൂപ വരെയാണ് ഈടാക്കുന്നത്. ഒരു സുലൈമാനിക്ക് 100 രൂപ വരെ വാങ്ങുന്ന സാഹചര്യവുമുണ്ട്. ടിക്കറ്റിന് 200 രൂപ നൽകുന്ന ഒരു പ്രേക്ഷകന് കട്ടൻചായയും പോപ്കോണും കഴിക്കണമെങ്കിൽ കുറഞ്ഞത് 350 രൂപ അധികമായി ചെലവാകും. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഭക്ഷണസാധനങ്ങൾക്ക് 20 രൂപ വരെ കൂട്ടാറുണ്ട്. എന്നാൽ ഇവ റെഡി ടു സർവ് കാറ്റഗറിയിൽ വരുന്നതിനാൽ വില നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പാക്കേജ് ചെയ്ത എം.ആർ.പി. ഉൽപ്പന്നങ്ങളിൽ മാത്രമേ വിലയുടെ കാര്യത്തിൽ നിയമപരമായ ഇടപെടൽ സാധ്യമാകൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe