വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതി നാടിന്റെ അനിവാര്യത: ഷാഫി പറമ്പിൽ എം.പി

news image
Jun 14, 2026, 3:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിൽ കൊയിലാണ്ടിയുടെ സമഗ്ര പുരോഗതി നാടിന്റെ അനിവാര്യതയാണെന്നും, അതിനായി അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ ആവിഷ്കരിച്ച വികസന പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ഷാഫി പറമ്പിൽ എം.പി. വിജയം മാത്രം ശീലമാക്കാതെ, വീഴ്ചകളിൽ നിന്നും തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള മാനസിക നിലവാരം കുട്ടികൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാറിന്റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ “PRAISE” (പ്രൈസ്)-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ, ലഹരിക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന ജാഗ്രതാ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഉദ്ഘാടനം വടകര റൂറൽ എസ്.പി മെറിൻ ജോസഫ് ഐ.പി.എസ് നിർവ്വഹിച്ചു. കുട്ടികൾ സമൂഹത്തിന് ഉതകുന്ന നല്ല പൗരന്മാരായി വളരണമെങ്കിൽ മാതാപിതാക്കൾ അവർക്ക് സന്തോഷവും സംതൃപ്തിയുമുള്ള ഗൃഹാന്തരീക്ഷം ഒരുക്കി നൽകണമെന്ന് എസ്.പി ഓർമ്മിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൊയിലാണ്ടിക്കാർക്ക് ഇനി പുറംനാടുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ പറഞ്ഞു. കൊയിലാണ്ടിയിൽ തന്നെ ഉന്നത പഠനത്തിനും മികച്ച തൊഴിൽ നേടുന്നതിനും സാധ്യമാകുന്ന തരത്തിൽ മണ്ഡലത്തെ ഒരു ‘ഹൈടെക് നഗര’മാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് തുടങ്ങിയ സിവിൽ സർവീസ് രംഗങ്ങളിൽ കൊയിലാണ്ടിക്ക് വ്യക്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള പ്രത്യേക കർമ്മപദ്ധതികളും ഇതിലൂടെ നടപ്പിലാക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഭാസ്കരൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ‘PRAISE’ ചെയർമാൻ പി.കെ. അരവിന്ദൻ മാസ്റ്റർ സ്വാഗതവും, കൺവീനർ ഇയ്യഞ്ചേരി അൻവർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe