രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹൈടെക് നിയമസഭയാകാൻ ഒരുങ്ങുന്ന കേരളം സഭാനടപടികൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു. പുതിയ എം.എൽ.എമാർക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ‘ഇ-സഭ’യാകും ലഭ്യമാകുക. സഭയിൽ പ്രസംഗിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധ ആകർഷിക്കാൻ കൈ ഉയർത്തുന്നതിന് പകരം സഭാധ്യക്ഷനുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രത്യേക മൊബൈൽ ആപ്പ് സജ്ജമായിക്കഴിഞ്ഞു. ചോദ്യങ്ങൾ, മേശപ്പുറത്ത് വെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ നില, വോട്ടെടുപ്പ്, പ്രമേയങ്ങൾ തുടങ്ങി സഭയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറും. ഓരോ അംഗവും ഓരോ സെഷനിലും എത്ര സമയം പങ്കെടുത്തു എന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇ-നിയമസഭ സോഫ്റ്റ്വെയറിലൂടെ ലഭ്യമാകും. ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിന്റെ നേതൃത്വത്തിൽ എണ്ണായിരത്തോളം ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്വെയർ പരിഷ്കരിച്ചത്.
റിപ്പോർട്ടുകളും രേഖകളും അച്ചടിച്ച് വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ചോദ്യോത്തര വേളയിൽ ആരുടെ ചോദ്യം എപ്പോൾ വരുമെന്ന് ഓൺലൈനായി മുൻകൂട്ടി അറിയാനും ഒരു വിഷയം അപ്ലോഡ് ചെയ്യുമ്പോൾ തന്നെ മുൻ സഭകളിൽ വന്ന സമാന ചോദ്യങ്ങളും ഉത്തരങ്ങളും റഫറൻസിനായി ലഭിക്കാനും സംവിധാനമുണ്ടാകും. വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യമായ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ സഭാനടപടികളുടെ ഷെഡ്യൂളും റിപ്പോർട്ടുകളും അംഗങ്ങൾക്കും പാർലമെന്ററി പാർട്ടി നേതാക്കൾക്കും തത്സമയം ലഭ്യമാകും.
നിലവിൽ പരിമിതമായ തോതിൽ മാത്രം അച്ചടിക്കുന്ന നയപ്രഖ്യാപന പ്രസംഗം, ബജറ്റ് തുടങ്ങിയവയും ഭാവിയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാകും. അംഗങ്ങളെ ഈ പുതിയ സംവിധാനവുമായി പരിചിതരാക്കാൻ പ്രത്യേക പരിശീലനം നൽകുമെന്നും ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സമ്മേളനം നടത്തുന്ന നിയമസഭ എന്ന നിലയിൽ കേരളത്തിന്റെ ഈ ചുവടുമാറ്റം ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
