കൊയിലാണ്ടി: പതിനൊന്നു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. എകരൂൽ വള്ളിയോത്ത് തോരകാട്ടിൽ വീട്ടിൽ നൗഷാദ് (39)നെയാണ് ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ.
2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി വീട്ടിൽ തനിച്ചിരുന്ന് ടിവി കാണുന്നതിനിടെ എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവസമയത്ത് വിദേശത്തായിരുന്ന മാതാപിതാക്കൾ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കുട്ടി വിവരങ്ങൾ അമ്മയോട് തുറന്നുപറഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി. റഫീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
